കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയശേഷം പിന്മാറിയതിനെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഹർജി നല്‍കിയത്. വിവാഹത്തില്‍ നിന്നു പിന്മാറാന് ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായാണ് സര്‍ക്കാര്‍ ഹരജിയില്‍ ആരോപിക്കുന്നത്.
കൊല്ലം കൊട്ടിയം സ്വദേശിയായ റംസിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ പത്തിന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. നടി ലക്ഷ്മിയുടെ ഭര്‍ത്താവ് അസറുദ്ദീന്റെ സഹോദരന് ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഒളിവിലായിരുന്ന ഹാരിസിനെ സെപ്റ്റംബര്‍ ഏഴിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബര്‍ മൂന്നിന് റംസി തൂങ്ങിമരിച്ചുവെന്നാണ് കേസ്.