കൊട്ടാരക്കര : കാറപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. വെണ്ടാർ എറണാകുളം മുക്ക്
പൂരത്തിൽ (കോട്ട വിള) ആർ.വിനോദ് കുമാറിൻ്റെ (സബ് ഗ്രൂപ്പ് ഓഫീസർ, ആര്യങ്കാവ് ക്ഷേത്രം) മകൻ നന്ദുവിനോദ് (23) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് ദേശീയ പാതയിൽ കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്. കൊല്ലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ നന്ദുവും മൂന്നു സഹപാഠികളും ഇവിടെ ഒരു ഹോം സ്റ്റേയിൽ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. പുലർച്ചെ കാപ്പി കുടിക്കുന്നതിനായി പാരിപ്പള്ളി ഭാഗത്തേക്കു പോയ ഇവരുടെ കാർ നിയന്ത്രണംതെറ്റി കല്ലുവാതുക്കൽ സ്കൂളിനു സമീപമുള്ള മതിലിലിടിച്ച് താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും നാട്ടുകാരുടെ സഹായത്തോടെ ഹൈവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തലക്കു സാരമായി പരിക്കേറ്റ നന്ദു അന്നു മുതൽ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട സമയത്ത് കാറോടിച്ചിരുന്നത് നന്ദുവായിരുന്നു. പാരിപ്പള്ളി പോലീസിൻ്റെ മേൽനോട്ടത്തിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഉദയ ശ്രീയാണ് അമ്മ. അനന്ദുവിനോദ് സഹോദരന്.
