തൃത്താല : എട്ടുവർഷം പിന്നിട്ടിട്ടും ഉദ്ഘാടനംനടത്താതെ കിടക്കുകയാണ് പരുതൂർ പഞ്ചായത്തിലെ മൂന്ന് തെങ്ങ് കുടിവെള്ള പദ്ധതി. പഞ്ചായത്തിലെ മംഗലംകുന്ന്, വെള്ളിയാങ്കല്ല്, മുടപ്പക്കാട്, അയനിപ്പറമ്പ്, പാതിരിക്കോട്, ചാഞ്ചേരിപ്പറമ്പ് പട്ടികജാതികോളനി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആരംഭിച്ച പദ്ധതിയാണ് അനാഥമായിക്കിടക്കുന്നത്. വേനലെത്തുംമുമ്പെങ്കിലും പദ്ധതി ഉദ്ഘാടനംചെയ്ത് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2012-ൽ ജില്ലാപഞ്ചായത്ത് എസ്.സി.പി. നിധിയിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് മൂന്ന് തെങ്ങ് മേജർ കുടിവെള്ള വിതരണപദ്ധതി ആരംഭിക്കുന്നത്.
മൂന്ന് തെങ്ങിൽ കിണർകുഴിച്ച് മോട്ടോർ സ്ഥാപിക്കയും മംഗലംകുന്നിലെ ജലസംഭരണ ടാങ്കിലേക്കുള്ള പൈപ്പിടുകയും ചെയ്തെങ്കിലും കിണറിൽ ആവശ്യമായവെള്ളം ലഭിച്ചില്ല. മൂന്നുവർഷത്തിനുശേഷം ജനകീയ കൂട്ടായ്മ ചെയർമാൻ ചോലയിൽ വേലായുധൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി. കമ്മിഷന്റെ ഉത്തരവനുസരിച്ച് ജില്ലാപഞ്ചായത്ത് 20 ലക്ഷംരൂപകൂടി അധികമായി അനുവദിക്കയും ചെയ്തു.
തുടർന്ന്, വെള്ളിയാങ്കല്ല് തടയണയുടെ ജലസംഭരണിയിൽ മറ്റൊരുകിണർ പുതുതായി നിർമിച്ചു. തടയണയിലെ പുതിയ കിണറിൽനിന്നും ജലവിതരണപദ്ധതിയുടെ പഴയ കിണറിലേക്ക് വെള്ളം പമ്പുചെയ്ത് നിറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കി. മുഴുവൻ നിർമാണ ജോലിയും പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ജലവിതരണം നടത്താൻ അധികൃതർക്കായിട്ടില്ല.
പ്രതിഷേധങ്ങളേറെ
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പട്ടാമ്പി ജല അതോറിറ്റി ഓഫീസ് ഉപരോധവും മനുഷ്യാവകാശ കമ്മിഷനും ജില്ലാ പഞ്ചായത്തിനും നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടും പദ്ധതി ഇതുവരെയും യാഥാർഥ്യമായിട്ടില്ല. കേരള ദലിത് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കുടിവെള്ളപദ്ധതിക്ക് മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു.
