നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ജില്ലയില്‍ ആരംഭിച്ചു. വിതരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്മാന് ഡി. രാജന് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസര്‍ ആബ രമേശ്, ഡിപ്പോ മാനേജര്‍ ചന്ദ്രന് കുഞ്ഞിപ്പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നാല് മാസത്തേക്ക് കൂടി റേഷന്‍ കടകളിലൂടെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എട്ട് ഉത്പന്നങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. ഒരു കിലോഗ്രാം വീതം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം വീതം കടല, ചെറുപയര്‍, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക് പൊടി, 250 ഗ്രാം സാമ്പാര്‍ പരിപ്പ് എന്നീ ഉത്പന്നങ്ങളാണ് കിറ്റിലുള്ളത്.
സെപ്തംബര്‍ 24 ന് മഞ്ഞ കാര്‍ഡുടമകളായ കാര്‍ഡ് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്കും 25 ന് ഒന്ന് നമ്പറിലും, 26 ന് രണ്ട്, 28 ന് മൂന്ന്, നാല്, അഞ്ച്, 29 ന് ആറ്, ഏഴ്, എട്ട് നമ്പറുകളിലും പിങ്ക് കാര്‍ഡിന്റെ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപ്തംബര്‍ 30 ന് ബാക്കിയുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കും, അവസാന നമ്പര്‍ ഒന്ന്, രണ്ട് വരുന്ന പിങ്ക് കാര്‍ഡ് ഗുണഭോക്താക്കള്‍ക്കുമാണ് വിതരണം ചെയ്യുക. ഒക്ടോബര്‍ 15 നുള്ളില്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം പൂര്‍ത്തിയാക്കും.


