പാലക്കാട് : എന്തൊക്കെ അക്രമം കാണിച്ചാലും പാലക്കാട്ടെ ഷോളയൂരുലെ ആദിവാസികള്‍ക്ക് ബുള്‍ഡോസര്‍ ദൈവമായിരുന്നു. അതാണ് കാടറിയുന്ന ആദിവാസികളും ആനയും തമ്മിലുള്ള അടുപ്പം. ബുള്‍ഡോസര്‍ ഒരു ആനയാണ്…..ഷോളയൂരിന്റെ ഉറക്കം കെടുത്തിയിരുന്ന ആന…കൃഷിയിടങ്ങളും 24 വീടുകളും ബുള്‍ഡോസര്‍ ഇടിച്ചു നിരപ്പാക്കിയിട്ടുണ്ട്. പക്ഷെ വായില്‍ പരിക്കേറ്റ് ചെരിഞ്ഞ ബുള്‍ഡോസറിനെ നോക്കി ഷോയൂരിലെ ആദിവാസികള്‍ പറഞ്ഞതിങ്ങനെയായിരുന്നു….’എമ്മുത്ത് സാമി എമ്മെ വിട്ടുപോസു’ (ഞങ്ങളുടെ ദൈവം ഞങ്ങളെ വിട്ടുപോയി).
ബുള്‍ഡോസര്‍ ഓരോതവണയും ഷോളയൂരിലെ വീടുകള്‍ തകര്‍ക്കുമ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഒരാളെയും ബുള്‍ഡോസര്‍ കൊന്നിട്ടില്ല. ഒരുപക്ഷെ ആനത്താരയിലായിരിക്കണം ആ വീടുകള്‍, ഇല്ലെങ്കില്‍ അരി തിന്നാനും പൈനാപ്പിള്‍ തിന്നാനും വരുന്നതായിരിക്കണം ബുള്‍ഡോസര്‍. പേരുകേട്ട് കൊമ്പനാണെന്ന് തെറ്റിദ്ധരിക്കരുത്, ബുള്‍ഡോസര്‍ ഒരു മോഴയാനയായിരുന്നു.

വീടുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ ആനയ്ക്ക് ബുള്‍ഡോസര്‍ എന്നല്ലാതെ ആ ഊരുകാര്‍ എന്തു വിളിക്കാനാണ്. മൂന്നുവര്‍ഷം മുമ്പാണ് ബുള്‍ഡോസര്‍ ഷോളയൂരില്‍ പ്രത്യക്ഷപ്പെട്ടത്. അരിമാത്രമല്ല, കാലിത്തീറ്റയുള്പ്പടെ അകത്താക്കും. തീറ്റതേടി ഓരോതവണയും ബുള്‍ഡോസര്‍ ഇടിച്ചു നിരത്തി പോകുന്ന വീടുകളുടെ എണ്ണം കൂടി കൂടി വന്നു. പലരും ബന്ധുവീടുകളിലേക്കൊക്കെ താമസം മാറാന്‍ തുടങ്ങി. വനംവകുപ്പ് റബ്ബര്‍ ബുള്ളറ്റുകളടക്കം പ്രയോഗിച്ചെങ്കിലും ബുള്‍ഡോസര്‍ മൈന്‍ഡ് ചെയ്തില്ല. ഓരോ തവണയും ഒരു സുനാമി പോലെ വന്നു പോയ്ക്കൊണ്ടിരുന്നു.
കഴിഞ്ഞമാസമാണ് ബുള്‍ഡോസറിന് വായില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തമിഴ്നാട് ഭാഗത്ത് വെച്ചായിരുന്നു പരിക്കേറ്റതെന്ന് കരുതുന്നു. സ്ഫോടകവസ്തു കടിച്ചതാകാമെന്നാണ് മയക്കുവെടി വെച്ച് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഫോടകവസ്തു കടിച്ച് മറ്റെരാന ചെരിഞ്ഞപ്പോള്‍ വലിയ കോലാഹലുമുണ്ടായപ്പോള് ഇത്തവണ അങ്ങനെ ആര്‍ക്കും മിണ്ടാട്ടമില്ലായിരുന്നു.
വായ രണ്ടായി പിളര്‍ന്നതായും നാവ് മുറിഞ്ഞ അവസ്ഥയില്‍ പഴുപ്പ് ഉള്ളിലേക്കും ബാധിച്ചിരുന്നു. ആനകള്‍തമ്മില്‍ കുത്തുകൂടിയതിന്റെ ലക്ഷണമൊന്നും ബുള്‍ഡോസറില്‍ ഇല്ലായിരുന്നു. തീറ്റയെടുക്കാനാകാതെ അവശനിലയിലായപ്പോഴും ബുള്‍ഡോസര്‍ വീടുകള്‍ തകര്‍ത്ത് കലി തീര്‍ത്തു. ഒടുവില്‍ കഴിഞ്ഞ ദിവസം ആനക്കട്ടി-ഷോളയൂര്‍ റോഡിലെ മരപ്പാലത്ത് ചെരിഞ്ഞു.
ബുള്‍ഡോസറിന്റെ അന്ത്യമറിഞ്ഞ് നിറകണ്ണുകളോടെ ഷോളയൂരിലെ ആദിവാസി ഊരുകളില്‍ നിന്ന് നിരവധി പേരാണ് അവസാനമായി കാണാനെത്തിയത്. വിളക്കുകൊളുത്തിവെച്ച് മരപ്പാലത്തെ ഊരുമൂപ്പന്റെ സ്ഥലത്താണ് ബുള്‍ഡോസറെ മറവുചെയ്തത്. കാടിനെ അറിയുന്ന ആദിവാസികള്‍ക്ക് അങ്ങനെയല്ലാതെ പെരുമാറാനാവില്ല.