പട്ടാമ്പിയിലെ ചില മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ക്ലസ്റ്റർ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ നിയമ സാംസ്ക്കാരിക പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉറവിടമറിയാത്ത, സമ്പർക്കം വഴിയുള്ള കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന പ്രദേശങ്ങളേയാണ് ക്ലസ്റ്ററാക്കുക. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗവ്യാപന സാധ്യത കുറയുകയും ചെയ്യുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവു വരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിലെ പരുതൂർ, കുലുക്കല്ലൂർ, നെല്ലായ, പട്ടിത്തറ, തിരവേഗപ്പുറ, ആനക്കര, വിളയൂർ, ചാലിശ്ശേരി, കപ്പൂർ പഞ്ചായത്തുകളേ എന്നീ 9 പഞ്ചായത്തുകളെ ക്ലസ്റ്ററിൽ നിന്നും ഒഴിവാക്കിയത്. തൃത്താല പഞ്ചായത്തിലെ ആറാം വാർഡ്, നാഗലശ്ശേരിയിലെ 14-ാം വാർഡും കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തിയിട്ടുമുണ്ട്. നിലവിൽ പട്ടാമ്പി മുനിസിപ്പാലിറ്റി, ഓങ്ങല്ലൂർ, കൊപ്പം, മരുതറോഡ്, തിരുമിറ്റക്കോട്, വല്ലപ്പുഴ പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ തുടരുന്നു്.
ക്ലസ്റ്റർ മേഖലകളിൽ ധർണകൾ പൂർണമായും ഒഴിവാക്കണം. ജില്ലാ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും നിയന്ത്രണങ്ങളും ഉൾക്കൊള്ളാനും നടപ്പിലാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉത്തരവാദിത്തം കാണിക്കണം. ആഗസ്റ്റ് 6 മുതൽ ജില്ലയിൽ രോഗികളുടെ എണ്ണം എല്ലാ ദിവസവും 100ൽ കൂടുതലാണ്. പട്ടാമ്പിയിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ക്ലസ്റ്ററാക്കി പ്രഖ്യാപിച്ചതിനാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും രോഗവ്യാപനമുണ്ടാകുന്നത് തടയാൻ കഴിഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകും.
വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമാണ്. അതിനാലാണ് ഒരു വാർഡുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തെ ഉൾപ്പെടുത്തി കണ്ടൈൻമെന്റ് സോൺ ആക്കുന്നത്. ജില്ലയിൽ നിലവിൽ 49 കണ്ടൈൻമെന്റ് സോണുകളാണ് ഉള്ളത്. ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മികച്ച പ്രവർത്തനത്തിന്റേയും നിയന്ത്രണങ്ങളുടേയും ഫലമായും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ചതിന്റേയും ഫലമായാണ് രോഗവ്യാപനം ഏറെ കുറയ്ക്കാനായതും അയൽ ജില്ലകളേക്കാൾ രോഗനിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതും. ഇത്തരം നിയന്ത്രണങ്ങളെ ഇല്ലാതാൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകും. ആഗസ്റ്റ്, സെപ്റ്റംബർ എന്നിവ രോഗവ്യാപന തോത് കൂടാൻ സാധ്യതയുള്ള മാസങ്ങളാണ്. അതിനാൽ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- 11000 ബെഡുകളോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജം
കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയിൽ 115 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കിയതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. ഇവിടെ 11000 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ 10000 ബെഡുകൾ കൂടി തയ്യാറാക്കും. നിലവിൽ 2000 കിടക്കകൾ എല്ലാവിധ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളെജ്, മാങ്ങോട് കേരള മെഡിക്കൽ കോളെജ്, പെരിങ്ങോട്ടുകുറിശ്ശി എം.ആർ.എസ്, പട്ടാമ്പി സംസ്കൃത കോളെജ് എന്നിവിടങ്ങളിൽ പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഡോക്ടർമാരടക്കം 1032 ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചതിൽ 322 പേർ ജോലിയിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെ രണ്ടാഴ്ചക്കകം നിയമിക്കും. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ 26 വെന്റിലേറ്ററുകൾ സജ്ജമാണെന്നും മരുന്നുകൾ ആവശ്യത്തിന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
- ഓണം: ക്ഷേമപെൻഷൻ, റേഷൻ, സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും
ഓണത്തിന് മുന്നോടിയായി നൽകുന്ന രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 2600 രൂപ മുൻകൂറായി വീടുകളിൽ എത്തിക്കാൻ നടപടി എടുത്തതായി മന്ത്രി അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പ്രത്യേക കിറ്റും സിവിൽ സപ്ലൈസിന്റെ റേഷൻ വിതരണവും ഓണത്തിന് മുമ്പ് പൂർത്തിയാക്കും. ഇതുപ്രകാരം മഞ്ഞ കാർഡുകാർക്ക് (48037 പേർക്ക്) 35 കിലോ അരിയും ഗോതമ്പും പിങ്ക് കാർഡുടമകൾക്ക് (3,10000 പേർക്ക്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. നീല, വെള്ള കാർഡുകാർക്ക് (1,87,448 പേർക്ക്) 10 കിലോ അരി 15 രൂപ നിരക്കിലും ലഭിക്കും. ഇതിനുപുറമെ എല്ലാ വിഭാഗക്കാർക്കും 11 ഉത്പ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നൽകുന്നതാണ്. പട്ടികവർഗ വിഭാഗക്കാർക്ക് ജനറൽ കിറ്റുകൾക്ക് പുറമെ ഒരു മാസത്തിനകം പ്രത്യേക കിറ്റുകളും 60 വയസ്സ് കഴിഞ്ഞവർക്ക് ഓണപുടവയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
- ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതം
കാലവർഷം മുന്നിൽകണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 219 കുടുംബങ്ങളെ സുരക്ഷ മുൻനിർത്തി ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. ആദിവാസി മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളിലെ 47 കോളനികളിലെ നിവാസികളെ മാറ്റിയിട്ടുണ്ട്. കൂടാതെ മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലായി തുറന്ന 13 ക്യാമ്പുകളിൽ 433 അംഗങ്ങൾ നിലവിൽ താമസിക്കുന്നു.
ജില്ലയിലെ ചെക്ക്ഡാം പ്രദേശങ്ങളിൽ ചളിനീക്കം പ്രക്രിയ പുരോഗമിക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാവും. കൂടാതെ, ഈ സമയം പൊതുജനങ്ങൾ ഉൾപ്പെടെ ആരും തടയണകളിലും പുഴകളിലും ഇറങ്ങരുതെന്നും മന്ത്രി ഓർമിപ്പിച്ചു. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ കണ്ടെത്തിയ ചില പ്രശ്നബാധിത പ്രദേശങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെല്ലിയാമ്പതിയിൽ തടസ്സപ്പെട്ട വൈദ്യുതി പുനസ്ഥാപിച്ചു. അഗളിയിൽ കോയമ്പത്തൂർ വഴി വൈദ്യുതി ഉടൻ പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലാണ് വീടുകൾ കൂടുതൽ തകർന്നത്. അഗളിയിൽ കൃഷിനാശവും കൂടുതലായി ഉണ്ടായി. 2018-19 വർഷത്തിൽ മഴയിൽ കൃഷിനാശം ഉണ്ടായവർക്ക് 5.11 കോടി നഷ്ടപരിഹാരം നൽകിയതായും മന്ത്രി അറിയിച്ചു.
- പൊലീസും എക്സൈസും പരിശോധന കർശനമാക്കും
കോവിഡ് പ്രതിരോധം ശക്തമാക്കാൻ ജില്ലയിലെ മുഴുവൻ പൊലീസ് സേനയും രംഗത്തുള്ളതായി മന്ത്രി പറഞ്ഞു. ഓണം പ്രമാണിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് കൂടുതലാവാൻ സാധ്യത മുൻനിർത്തി എക്സൈസ് വകുപ്പും പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം എന്നിവർ പങ്കെടുത്തു.
പാലക്കാട് ജില്ലയിൽ 14.5 കോടിയുടെ 42 പദ്ധതികൾക്ക് അംഗീകാരം | Asian Metro News | Asian Metro News