കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അയല്‍ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.
കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്ബാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസ് ഉടമകളും എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റി ബസ്സുകള്‍ ഇല്ലാതാകും. ഇത് കെഎസ്ആര്‍ടിസിയേയും ഇല്ലാതാക്കും. പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.