വായനക്കാരന് പുസ്തകങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാൻ അവസരം പ്രദാനം ചെയ്യുന്നതിലൂടെ ജനാധിപത്യ ബോധമാണ് ഓരോ ഗ്രന്ഥശാലകളും ഉദ്ഘോഷിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മായിൽ അഭിപ്രായപ്പെട്ടു. ഒരു നാടിൻ്റെ സാംസ്കാരിക മുന്നേറ്റങ്ങളെ കുറിച്ചറിയാനുള്ള അളവുകോലുകൾ കൂടിയാണ് വായനശാലകൾ. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദത്തിൻ്റെ പ്രചാരകരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരിയിൽ നിലയുറപ്പിച്ചവരുമായ ആളുകൾ ഒന്നിച്ച് നിൽക്കുന്ന മതേതര തുരുത്തുകൾ കൂടിയാണ്. വലിയ വില നൽകി വാങ്ങിക്കുന്ന ആഡംബര വസ്തുക്കളിൽ പലതിനും അൽപായുസ്സ് മാത്രമാണ്. എന്നാൽ മനുഷ്യർ മരിച്ചാലും പുസ്തകങ്ങൾ ജീവിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്തിൻ്റെ അക്ഷരപ്പുര പദ്ധതിയിൽ ഉൾപ്പെടുത്തി നവോദയ ഗ്രന്ഥശാലക്ക് അനുവദിച്ച പുസ്തകങ്ങളുടെയും ഫർണിച്ചറുകളും വിതരണോത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഗ്രന്ഥശാല പ്രസിഡണ്ട് പി.സി.മജീദ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.എച്ച് ഫസൽ, ജനാർദ്ദനൻ മാസ്റ്റർ, ഷമീർ കോരൻകുന്നൻ, പ്രകാശൻ കെ.പി, സഹ്റത്ത് പി.എം, മേജോ ജോൺ, റഷീദ് താഴത്തേരി ,അബൂബക്കർ സി എന്നിവർ പങ്കെടുത്തു.
