ജില്ലയിലെ വിവിധ പട്ടികവർഗ കോളനികളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 49 ടെലിവിഷനുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പുതുശ്ശേരി നടുപ്പതി കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിർവഹിച്ചു. പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനായി ഊരുകളിൽ തന്നെ ഏറ്റവും ഫലപ്രദമായി സൗകര്യം ഒരുക്കാൻ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ വിവിധ പട്ടികവർഗ കോളനികളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി 49 അങ്കണവാടികളിലും വായനശാലകളിലും ടെലിവിഷനുകൾ സ്ഥാപിച്ചുകഴിഞ്ഞു. നാലു മാസത്തെ ഡി.റ്റി.എച്ച് സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയാണ് സൗകര്യം നൽകുന്നത്. 4, 90, 000 രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്.
പരിപാടിയിൽ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, ജില്ലാ പട്ടിക വർഗ്ഗവികസന ഓഫീസർ എം മല്ലിക, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവകാമി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി ഉദയകുമാർ , മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം അമരാവതി തുടങ്ങിയവർ പങ്കെടുത്തു.