സ്വർണക്കടത്ത് കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് സ്വര്‍ണത്തിന് വേണ്ടി പണം മുടക്കിയവരാണ് അറസ്റ്റിലായത്. സ്വപ്ന കേരളം വിടാൻ ഉപയോഗിച്ച കാർ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി.
സ്വർണക്കടത്ത് കേസിൽ ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ നിലവിൽ പ്രതികളുടെ എണ്ണം 12 ആയി. ഇന്ന് അറസ്റ്റിലായവർ സ്വർണം കടത്താൻ പണം നിക്ഷേപിച്ചിരുന്നവരാണെന്ന് കസ്റ്റംസ് കണ്ടെത്തി. കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും കേരളം വിടാൻ ഉപയോഗിച്ച കാർ എന്‍.ഐ.എ സംഘം ഇന്ന് കോടതി ഹാജരാക്കി. സ്വപ്നയുടെ KL Ol CJ 1981 എസ് ക്രോസ് കാറാണ് ഹാജരാക്കിയത്. ഒന്നാം പ്രതി സരിത്തിനെ എന്‍.ഐ.എ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷ കോടതി അനുവദിച്ചു. രണ്ടാം ഘട്ട കോവിഡ് പരിശോധന ഫലം ലഭ്യമാകുന്ന മുറയ്ക്ക് സരിത്തിനെ കോടതിയിൽ ഹാജരാക്കി എന്‍.ഐ.എ കസ്റ്റഡിയിൽ വാങ്ങും.
സ്വർണ്ണക്കടത്ത് കേസ്സിൽ എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എന്‍.ഐ.എ ഡി.വൈ.എസ്.പി വിജയകുമാറും സംഘവുമെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി വിവരങ്ങൾ ശേഖരിച്ചു.