കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ പ്രവേശന പരീക്ഷ (കീം) ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടത്തി. ജില്ലയില്‍ അഞ്ച് സെന്ററുകളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിരുന്നു.
രാവിലെ മുതല്‍ ഉച്ച വരെ നടന്ന പരീക്ഷയില്‍ 1880 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 1577 പേര് പരീക്ഷ എഴുതി. ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷയില്‍ 1480 പേര് അപേക്ഷിച്ചതില്‍ 1209 പേര് പരീക്ഷ എഴുതി. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് മുട്ടില്‍, കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ സജജീകരിച്ചത്.
വിദ്യാര്‍ത്ഥികളെ സാമൂഹിക അകലം പാലിച്ച് നിര്‍ത്തുക, സാനിറ്റൈസര്‍ നല്‍കുക, തെര്‍മല്‍ സ്കാനിങ്, ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, വാഹന പാര്‍ക്കിംഗ് സൗകര്യം ഉറപ്പ് വരുത്തുക, ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കുക എന്നിവയ്ക്കായി സാമൂഹിക സന്നദ്ധ സേന പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു. പോലീസ്, ആരോഗ്യ വകുപ്പ്, അധികൃതരുടെ സേവനവും ലഭിച്ചിരുന്നു. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
സ്കൂള്‍ വളപ്പില്‍ രക്ഷിതാക്കള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക മുറികളില്‍ സൗകര്യം ഒരുക്കിയിരുന്നു. ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഏഴ് വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച മുറികളിലാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്.