തൃശൂര്‍: കോവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും . കാര്‍ഡില്ലാത്തവരെ മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കില്ല. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് വിളിച്ചു ചേര്‍ത്ത വ്യാപാരികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
കടകളില്‍ സാനിറ്റൈസര്‍, ഗുണനിലവാരമുള്ള മാസ്ക്,കയ്യുറ എന്നിവ നിര്‍ബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന് കടകളില്‍ കൃത്യമായ മാര്‍ക്കിങ് വേണം.വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും.കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണം. പകുതി ജീവനക്കാര്‍ക്ക് ഒരാഴ്ച ,മറു പകുതി അടുത്ത ആഴ്ച എന്ന രീതിയില്‍ കടയുടെ പ്രവര്‍ത്തനം ക്രമീകരിക്കണം. ചരക്കു ലോറികള്‍ക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കര്‍ശനമാക്കും.