കിഴക്കേ കല്ലട : കല്ലട സി.വി.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ 1990 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാത്തം തങ്ങളുടെ ചങ്ങാതിയുടെ മക്കളും സി.വി.കെ. എം സ്കൂളിലെ വിദ്യാർത്ഥികളുമായ കുട്ടികൾക്ക് ടി.വിയും ഡി.റ്റി. എച്ച് കണക്ഷനും നൽകി ഓൺലൈൻ പഠന സൗകര്യമൊരുക്കി. കൂട്ടുകാരനായ കിഴക്കേ കല്ലട തെക്കേ മുറിയിൽ താമസിക്കുന്ന റോബിന്റെ കുടുംബത്തിനാണ് സൗകര്യം എത്തിച്ചത്. ചങ്ങാത്തം സെക്രട്ടറി വിനോദ്, പ്രസിഡന്റ് വിനു ചങ്ങാത്തം പ്രവർത്തകരായ ചാക്കോ , റെജി ആന്റണി, അനൂപ് എന്നിവർ ചേർന്ന് ടി.വി. കൈമാറി. ലോക് ഡൗൺ കാലത്ത് കൂടെ പഠിച്ച കൂട്ടുകാരിൽ എട്ട് അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മരുന്നും അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റുകൾ നൽകി ചങ്ങാത്തം മാതൃക ആയിരുന്നു. ചങ്ങാത്തം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയാണ്. ഇതോടനുബന്ധിച്ച് സ്വയം സഹായ സംഘവും രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ് , അഗതി മന്ദിരങ്ങളിൽ ഭക്ഷണം എത്തിക്കുക, ഗുരുവന്ദനം, മികച്ച വിജയം നേടുന്ന കുട്ടികളെ ആദരിക്കുക എന്നീ പരിപാടികളും ചങ്ങാത്തം നടത്തിവരുന്നു.
