അച്ചൻകോവിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനുമായ വിനീതിനാണ് കുളത്തൂപ്പുഴ പോലീസിന്റെ തണലിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ ആയത്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശികളായ 75 വയസ്സ് പ്രായമുള്ള സരോജിനിയുടെയും കിടപ്പ് രോഗിയായ ചെല്ലപ്പന്റെയും മകളുടെ മകനായ വിനീത് അച്ചൻകോവിൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ആയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് അച്ഛൻകോവിലിൽ സർക്കാർ നൽകിയ 75 സെൻറ് വസ്തുവിൽ താമസിച്ച് വരിക ആയിരുന്നു. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ഇവർ അച്ചൻകോവിലിൽ നിന്നും കുളത്തൂപുഴയിലേക്ക് താമസം മാറിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത് മുതൽ അച്ചൻകോവിൽ സ്കൂളിലെ വിനീതിനെ ക്ലാസ് ടീച്ചർ ബന്ധപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരുന്നു ലഭ്യമായ ഫോൺ നമ്പറുകൾ ഒന്നും കിട്ടാതെ ആയപ്പോൾ അധ്യാപിക കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് നെ വിവരമറിയിച്ചതിനെ തുടർന്ന് വിനീതിനെ കണ്ടെത്തി പരീക്ഷ എഴുതിക്കാനുള്ള ചുമതല കുളത്തൂപ്പുഴ പോലീസിന് കൈമാറി.

കുളത്തൂപ്പുഴ എസ്. ഐ ജയകുമാറിന്റെ നേതൃത്വത്തിൽ ലഭ്യമായ എല്ലാ സോഴ്സുകളും എടുത്ത് അന്വേഷിച്ച് വിനീതിനേയും കുടുംബത്തേയും കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വിനീതിന്റെ ഗർഭാവസ്ഥയിൽ തന്നെ അച്ഛൻ ഉപേക്ഷിച്ച് പോകുകയും അമ്മ പിന്നീട് മരണപ്പെടുകയും ആയിരുന്നു. ഇതിനെ തുടർന്നാണ് അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ് വരികയായിരുന്നു. കുളത്തൂപ്പുഴ എസ്. ഐ. ഒയകുമാർ , പോലീസുകാരായ . ഗിരീഷ്, സുജിത്ത്, സജിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ജീപ്പിൽ 55 കിലോമീറ്റർ ദൂരത്തുള്ള അച്ചൻകോവിൽ സ്കൂളിൽ എത്തിക്കുകയായിരുന്നു.. സ്ക്രൈബിന്റെ സഹായത്തോടെയാണ് വിനീത് പരീക്ഷ എഴുതുന്നത്. പോലീസ് ജീപ്പിൽ പരീക്ഷ എഴുതാനെത്തിയ വിനീതിനെ സ്കൂളധികൃതർ ചേർന്ന് സ്വീകരിച്ചപ്പോൾ തനിക്കും പോലീസാകണം എന്ന അഭിപ്രായം പ്രകടിപ്പിച്ചു. മൂന്ന് ദിവസം തുടർന്ന് പരീക്ഷ ഉള്ളതിനാൽ വരും ദിനങ്ങളിൽ അച്ചൻ കോവിൽ ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ അച്ചൻകോവിലിൽ താമസ സൗകര്യം ഒരുക്കി നൽകുമെന്ന് അച്ചൻകോവിൽ എസ്.എച്ച് ഒ ഹരീഷ് അറിയിച്ചു.