ശാസ്താംകോട്ട : നീണ്ട 20 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട ടീച്ചറെ കണ്ടപ്പോൾ റംസാൻ അലിയുടെ കണ്ണുകൾ നനഞ്ഞു.ടീച്ചറുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. വാത്സല്യത്താൽ ടീച്ചറുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു – കാലം മായ്ക്കാത്ത ഗുരുശിഷ്യബന്ധത്തിന് നൂറ് പവൻ മാർക്ക് തിളക്കം.
പട്ടാഴി ഗവൺമെൻറ് എൽ.പി.എസ്സിലെ ടീച്ചറായ വിനീതകുമാരിക്ക് മുന്നിലാണ് ആ പഴയ മൂന്നാം ക്ലാസ്സുകാരനായി റംസാൻ അലി നിന്നത്. ടീച്ചറുടെ പട്ടാഴിയിലുള്ള വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
രണ്ട് മണിക്കൂറിലധികം ടീച്ചർക്കൊപ്പം പഴയ കാലത്തേക്ക് മനസ്സ് കൊണ്ടൊര് യാത്ര.തുടർന്ന് ഇരുവരും സുഹൃത്തുക്കളായ ആലൂക്ക, ഷാനവാസ്തുടങ്ങിയവരും ചേർന്ന് വിനീത ടീച്ചർ ജോലി ചെയ്ത് വരുന്ന പട്ടാഴി ഗവൺമെന്റ് എൽ.പി.എസ് ലേക്ക് – അവിടെ സഹപ്രവർത്തകരും ,പി.ടി.എ. യും ചേർന്നൊരുക്കിയ ലളിതവും ഹൃദ്യവുമായ സ്വീകരണം.
മെയ് 31-ന് വിനീത ടീച്ചർ വിരമിക്കുകയാണ്. അതിന് മുൻപ് താൻ സ്നേഹത്തണലിൽ ചേർത്ത് നിർത്തിയ പ്രിയശിഷ്യനെ ഒന്ന് കാണണം. ഈ അതിയായ ആഗ്രഹത്തിന് തക്കതായ കാരണമുണ്ട് -98-99 കാലത്ത് ശൂരനാട് നടുവിൽ ഗവ: എൽ.പി.എസ്സിൽ സ്ഥലം മാറിയെത്തുമ്പോഴാണ് ഒറ്റപ്പെടലിന്റെ വിങ്ങലുമായി ക്ലാസ്സ് മുറിക്ക് പുറത്ത് നിൽക്കുന്ന റംസാൻ അലിയെ ടീച്ചർ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്ന് കിട്ടുന്ന ഭക്ഷണംപൊതിഞ്ഞെടുത്ത് കുഞ്ഞനുജത്തിക്ക് നൽകാൻ വീട്ടിലേക്ക് എന്നും ഓടിപ്പോകുന്ന മൂന്നാം ക്ലാസ്സുകാരനെ മറക്കാൻ സർവ്വീസിൽ നിന്ന് വിരമിക്കാൻ പോകുമ്പോഴും ടീച്ചർക്ക് കഴിഞ്ഞില്ല. റംസാൻ അലിയെ കണ്ടെത്താനായി ടീച്ചർ നവ മാധ്യമത്തിലൂടെ കുറിപ്പെഴുതി. ഹൃദയസ്പർശിയായ ആ കുറിപ്പാണ് കഴിഞ്ഞ ദിവസം വിനീത ടീച്ചർക്കരുകിൽ റംസാൻ അലിയെ എത്തിച്ചത്.
വിനീത ടീച്ചറും റംസാൻ അലിയും നിൽക്കുന്ന ചിത്രം വരച്ച് ത് ( കാരിക്കേച്ചർ) ടീച്ചർക്ക് ഉപഹാരമായി നൽകി. ടീച്ചറാകട്ടെ തന്റെ അരുമശിഷ്യനായി വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നു.നോമ്പനുഷ്ഠിക്കുന്നതിനാൽ സദ്യ കഴിക്കാൻ ശിഷ്യന് കഴിഞില്ല. നോമ്പ് കാലം കഴിഞ്ഞ് ടീച്ചറെ കാണാൻ താൻ വരുമെന്നും അന്ന് വയറ് നിറയെ ടീച്ചർ വിളമ്പുന്ന സദ്യ കഴിച്ചിട്ടേ മടങ്ങുമെന്നും അലി വാഗ്ദാനം നൽകി ജീവിതവിജയാശംസകൾ നേർന്ന് ടീച്ചർ പ്രിയശിഷ്യനെ യാത്രയാക്കി .
