വയനാട്: കാട്ടാന കൂട്ടത്തിൽ നിന്നും കുട്ടിയാന കൂട്ടം തെറ്റി ജനവാസകേന്ദ്രത്തിൽ എത്തി. വൈത്തിരി ചാരിറ്റിയിലാണ് മാസങ്ങൾ മാത്രം പ്രായമുള്ള കാട്ടാനകുട്ടി ക്കൂട്ടം തെറ്റി എത്തിയത്. രാവിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കുട്ടിയെ കണ്ടതോടെ നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പ്രദേശത്ത് പത്തോളം വരുന്ന കാട്ടാന കൂട്ടം ഉണ്ടായിരുന്നു. ഇതിൽ പെട്ടതാണ് ഈ ആനക്കുട്ടി എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാട്ടാനക്കുട്ടിയെ എറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വനത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്. മറ്റു ആനകളുടെ അടുത്തെത്തുന്നതിനായി കുട്ടിയാന പരക്കം പാഞ്ഞു. കാട്ടാനക്കുട്ടിയെ കാണുന്നതിനായി പ്രദേശവാസികളും തടിച്ചുകൂടി. കെറോണ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വൈത്തിരി CI യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി. ഫോറസ്റ്റുകാരായ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാർ. മേപ്പാടി റേഞ്ച് ഓഫീസർ ബാബുരാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.പ്രദേശത്ത് കാട്ടാന ശല്യവും,മറ്റു വന്യമൃഗ ശല്യവും രൂക്ഷമാണെന്നും,അതിനായി വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.കൃഷി നഷ്ടം മൂലം കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ നിലവിൽ ഉള്ളതെന്നും അതിനായി വനം വകുപ്പ് ഫലപ്രദമായി എന്തെങ്കിലും ചെയ്യണം എന്നും പ്രദേശവാസികൾ പറഞ്ഞു.
