കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ആരോഗ്യവകുപ്പ്. കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരനെ ചുമതലപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ. നിതാ വിജയന്റെ സേവനവും ആരോഗ്യവകുപ്പിന് ലഭിച്ചു. കഴിഞ്ഞ ഒന്നരമാസമായി ഇരുവരും കര്‍മരംഗത്താണ്. എപ്പിഡെമിക് സര്‍വൈലന്‍സിന്റെ ഭാഗമായി ഡോ. സുകുമാരനും ട്രൈബല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ഡോ. നിതാ വിജയനും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. മുന്‍ സ്‌റ്റേറ്റ് എപ്പിഡമോളജിസ്റ്റ് കൂടിയായ ഡോ. സുകുമാരന്‍ കളക്ടറേറ്റില്‍ സജ്ജീകരിച്ച കോവിഡ് കണ്‍ട്രോള്‍ വിഭാഗത്തിലാണ്.
ആദിവാസി വിഭാഗത്തിന്റെ ആരോഗ്യസംരക്ഷണത്തിന് പനവല്ലി മേഖലയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ഡോ. നിത വിജയന്‍. ഡോ. ജെറിന്‍, ഡോ. നൂന, ഡോ. മിഥുന്‍, ഡോ. ഗ്രീഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘവും ഇവര്‍ക്കൊപ്പമുണ്ട്. മെയ് 15ന് രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയായ 36കാരന്റെ ഒന്നാം സമ്പര്‍ക്ക പട്ടികയില്‍ 78 പേരാണുള്ളത്. ഇതു ഭീഷണിയായതിന്റെ അടിസ്ഥാനത്തിലാണ് ഡോ. നിതാ വിജയന്റെ അനുഭവസമ്പത്ത് മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പ്രദേശത്തെ കൊല്ലി, സര്‍വ്വാണി, കുണ്ടറ കോളനികളിലെ 340ഓളം ആളുകളും പൊതുവിഭാഗത്തിലെ 260ഓളം പേരും ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
2007 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ആയും ഡി.എം.ഒ ആയും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ഡോ. നിതാ വിജയന്‍. ഇക്കാലയളവില്‍ ഒന്നര വര്‍ഷം ഡെപ്യൂട്ടേഷനില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ ബ്ലഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്നു. തുടര്‍ന്ന് അഞ്ചുമാസം തിരുവനന്തപുരം ഡി.എം.ഒ ആയി. പിന്നീടാണ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ഒരു വര്‍ഷത്തിനു ശേഷം 2016 നവംബറില്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. 2017 ഫെബ്രുവരി മുതല്‍ 2019 ജൂലൈ 31 വരെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരാ(ആര്‍.സി.എച്ച്.)യിരുന്നു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.