തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര് വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 56,981 പേര് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. 56,362 പേര് വീടുകളിലും 619 പേര് ആശുപത്രികളിലുമാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം നാല് പേര് ഇന്ന് രോഗമുക്തി നേടി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും രണ്ടുപേരുടെ വീതമാണ് രോഗമുക്തി നേടിയത്.
