വയനാടിന് ഇന്ന് ആശ്വാസത്തിന്റെ ദിനം. വയനാട്ടിൽ ഇന്ന് കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധയിൽ ആയിരുന്ന രണ്ട് പേർ ഇന്ന് രോഗവിമുക്തരായി. കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗബാധ ഉണ്ടായ ഡ്രൈവറുടെ 85 വയസ്സുള്ള അമ്മ, കൂടെ സഹായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയുടെ ഇരുപത് വയസ്സുള്ള മകൻ എന്നിവരാണ് രോഗവിമുക്തി നേടിയത്. ജില്ലയിൽ ആകെ 2157 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 242 പേർ നിരീക്ഷണത്തിൽ ആകുകയും 115 പേർ നിരീക്ഷണ കാലം പൂർത്തി ആക്കുകയും ചെയ്തു. 1065 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 798 പേരുടെ ഫലം ലഭ്യമായി. ഇതിൽ 775 പേരുടെ ഫലം നെഗറ്റീവ് ആണ്. 262 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. രോഗം ബാധിച്ച 17 പേർ ഉൾപ്പെടെ നിലവിൽ 25 പേർ ഹോസ്പിറ്റലിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതു കൂടാതെ സമൂഹ വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ 1194 സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ 14 ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടക്കുന്നുണ്ട്. 4189 വാഹനങ്ങളിലായി എത്തിയ 6933 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയവരിൽ ഇന്ന് ആർക്കും രോഗലക്ഷണം കണ്ടെത്തിയില്ല. കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക പ്രകാരം രോഗ ബാധിതർ ഇനിയും വർദ്ധിക്കാൻ സാധ്യത ഉള്ളതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വെള്ളമുണ്ട പഞ്ചായത്ത് മുഴുവനും ഇതിൽ ഉൾപ്പെടുന്നുജില്ലയില്‍ നിലവിലുളള കണ്ടെയ്ന്‍മെന്റ് സോണിലെ പൊതുജനങ്ങള്‍ ഒരു കാരണവശാലും പുറത്തേക്ക് യാത്രചെയ്യാന്‍ പാടുള്ളതല്ല. ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പോലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബത്തേരി താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മജിസ്ടീരിയല്‍ ചുമതല ഡെപ്യൂട്ടി കലക്ടർ എ.ഡി.എം തങ്കച്ചന്‍ ആന്റണിക്കും, മാനന്തവാടി താലൂക്കിലെ ചുമതല ഡെപ്യൂട്ടി കലക്ടർ ഇ. മുഹമ്മദ് യൂസഫിനും നല്‍കി. ആവശ്യമാകുന്ന പക്ഷം കല്‍പ്പറ്റയിലെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിന് നല്‍കും.