ശാസ്താംകോട്ട : ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കുവാൻ പാട് പെടുന്ന നിർദ്ധന മൽസ്യ വ്യാപാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു ദിവസത്തെ മൽസ്യവിൽപ്പനയിൽ നിന്ന് ലഭിച്ച തുകയായ 3760 രൂപ ശാസ്താംകോട്ട എസ്.ഐ. അനീഷിന് കൈമാറി. ഇന്നലെ രാവിലെ മുതൽ ബിജു മൽസ വ്യാപാരം നടത്തുന്ന അംബലത്തും ഭാഗം തെക്ക് തൊളിയ്ക്കൽ ജംഗ്ഷനിൽ സ്വജന്യ മൽസ്യ കിറ്റ് വിതരണവും ഉണ്ടായിരുന്നു. 50 ൽപ്പരം ആളുകൾ ഇതിൽ പങ്കെടുത്തു. മൽസ്യ ക്വിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്സ്.മായാദേവി നിർവ്വഹിച്ചു.

അനിൽ തുമ്പോടൻ, രാജേഷ് എന്നിവർ പങ്കെടുത്തു. രാജ്യം ദുരിത പൂർണ്ണമായ കലഘട്ടത്തിലൂടെ കടന്ന് പോകുംമ്പോൾ സഹ ജീവിതങ്ങൾക്ക് ഒരു കൈതാങ്ങ് ആകുവാൻ ബിജുവിനെ പോലെയുള്ള തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുന്നത് മാതൃകാപരമാണെന്ന് വൈസ് പ്രസിഡന്റ് മായാദേവി അഭിപ്രായപ്പെട്ടു.രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് തൊളിയ്ക്കൽ പടിഞ്ഞാറേ ഇംഗ്ഷനിൽ ബിജുവിന്റെ മൽസ്യ കച്ചവടം. ഭാര്യ മിനിമോൾ തയ്യൽ തൊഴിലാളിയാണെങ്കിലും മൽസ്യവിൽപ്പനയിൽ പലപ്പോഴും ഇദ്ദേഹത്തെ സഹായിക്കാറുണ്ട്. രണ്ടാം ക്ലാസിലും, എൽ.കെ. ജി യിലും പഠിക്കുന്ന അഭിനവ്, അഭിരാം എന്നിവർ മക്കളാണ്.ശാസ്താംകോട്ട പഞ്ചായത്തിൽ മുതുപിലാക്കാട് കിഴക്ക് വാർഡിൽ ബിജു ഭവനത്തിലാണ് താമസം. വയലിൽ സ്ഥിതി ചെയ്യുന്ന ബിജുവിന്റെ വീടിന്റെ സ്ഥിതിയും വളരെ ദയനീയമാണെങ്കിലും ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുക്കുവാനുള്ള നല്ല മനസ്സിനെ നാട്ടുകാർ അഭിനന്ദിച്ചു