കൊച്ചി : ഉപയോഗിച്ച മാസ്കുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണു കോടതി ഇടപെടൽ. മാസ്കുകള്‍ സംസ്കരിക്കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാസ്കുകളുടെ സംസ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉപയോഗിച്ച മാസ്കുകള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മാസ്കുകള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോവിഡ് 19 പൊതുതാല്പര്യ ഹര്‍ജികള്‍ക്കൊപ്പം ഈ കേസും പരിഗണിക്കും. ആരോഗ്യ വകുപ്പിനെയും മാലിന്യ നിര്‍മാര്‍ജന ബോര്‍ഡിനെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനായി മാസ്ക്കിന്റെ ഉപയോഗം വ്യാപകമാക്കിയതോടെ, ഉപയോഗിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുന്ന മാസ്ക്കുകളുടെ എണ്ണം വർധിക്കുന്നത് ഇന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ബയോമെഡിക്കല്‍ മാലിന്യത്തിന്റെ ഗണത്തില്‍പ്പെടുന്ന മാസ്കുകൾ സുരക്ഷാ സംവിധാനമൊന്നുമില്ലാതെയാണ് ശുചീകരണ തൊഴിലാളികള്‍ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ ആളുകൾ ഇത് ഉപയോഗിച്ചു തുടങ്ങിയതോടെ വഴിയോരങ്ങളില്‍ ബയോമെഡിക്കല്‍ മാലിന്യവും കുമിഞ്ഞുകൂടി തുടങ്ങി. സര്‍ജിക്കല്‍ മാസ്കുകളും ഗ്ലൗസുകളുമടക്കമാണ് പൊതുജനം വീടുകളിലെ മാലിന്യങ്ങള്‍ക്കൊപ്പവും അല്ലാതെയും വഴിയിരികില്‍ തള്ളുന്നത്.