ജലവിഭവ വകുപ്പിന് കീഴിൽ വരുന്ന വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. സംസ്ഥാന ജലവിഭവ വകുപ്പും വാട്ടർ അതോറിറ്റിയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനാണ് സമഗ്രമായ ജലനയവും വിവിധ പരിഷ്കരണ പദ്ധതികളും നടപ്പാക്കുന്നത്. 2027-ന്റെ തുടക്കത്തിൽ തന്നെ ജലനയം പ്രഖ്യാപിക്കുമെന്നും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സമഗ്രമായ ജലനയം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് ‘കേരള വാട്ടർ കോൺക്ലേവ്’ സംഘടിപ്പിക്കും. അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി അടക്കമുള്ളവർ ഇതിൽ പങ്കാളികളാകും.
തലസ്ഥാന നഗരിയിൽ അരുവിക്കരയിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ പകുതിയോളം വിതരണത്തിലെത്തും മുൻപ് നഷ്ടപ്പെടുന്നത് കണ്ടെത്തി പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കും. വിജയിക്കുന്ന മുറയ്ക്ക് ഈ സാങ്കേതികവിദ്യ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
തീരദേശ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും രൂക്ഷമായ പോള ശല്യം പരിഹരിക്കാൻ പോള സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇത്തരം പദ്ധതികൾ പഠിച്ച് നിർദേശിക്കുന്നതിനായി വിദഗ്ധ സമിതിയെ രൂപീകരിച്ചു.
കുടിവെള്ള-ഇറിഗേഷൻ പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കുന്നതിന് ജനുവരി മുതൽ 140 അസംബ്ലി മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാൻമാരായി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, എൽഎസ്ജിഡി ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി പ്രതിമാസം യോഗം ചേരും. മൂന്ന് മാസത്തിലൊരിക്കൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനവും ആറു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും നടക്കും.
വാട്ടർ അതോറിറ്റി പൈപ്പിടാനായി വെട്ടിപൊളിക്കുന്ന പിഡബ്ല്യുഡി റോഡുകൾ ഇനി മുതൽ പിഡബ്ല്യുഡിയും ഗ്രാമീണ / പഞ്ചായത്ത് റോഡുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും. റോഡ് പൊളിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനുള്ള തുക വാട്ടർ അതോറിറ്റി അതത് വകുപ്പുകൾക്ക് കൈമാറും. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിമാർ തമ്മിൽ ധാരണയായിട്ടുണ്ട്. ഉന്നതതല യോഗത്തിനു ശേഷം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.
