അടൂര്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ പൊതുസ്ഥലത്തല്ല, സ്വകാര്യ സ്ഥലത്താണ് വാഹനം ഓടിച്ചതെങ്കിലും നിയമ നടപടികളില്‍ നിന്ന് ഇളവ് ലഭിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. പൊതു സ്ഥലമല്ലെങ്കില്‍ ആര്‍ക്കും വാഹനമോടിക്കാമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
സ്വകാര്യ മൈതാനങ്ങള്‍, വലിയ എസ്റ്റേറ്റുകള്‍, തിയേറ്ററുകള്‍, മാളുകളിലെ പാര്‍ക്കിങ് ഏരിയകള്‍ തുടങ്ങി പൊതുജനങ്ങള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ പ്രവേശനമുള്ള ഏത് ഇടവും മോട്ടോര്‍ വാഹന നിയമപ്രകാരം പൊതുസ്ഥലമായി തന്നെയാണ് കണക്കാക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് വലിയ അപകട സാധ്യത വരുത്തിവെക്കുമെന്ന് മാത്രമല്ല, നിയമനടപടികള്‍ക്കും കാരണമാകും.
ഉടമയ്ക്കും രക്ഷാകര്‍ത്താവിനും ശിക്ഷ
ലൈസന്‍സില്ലാത്തവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വാഹനമോടിക്കാന്‍ നല്കുന്ന വാഹന ഉടമയോ രക്ഷാകര്‍ത്താവോ ഒരുപോലെ നിയമനടപടി നേരിടേണ്ടി വരുമെന്ന് പത്തനംതിട്ട ആര്.ടി.ഒ സി. ശ്യാം അറിയിച്ചു. മോട്ടോര്‍ വാഹന നിയമം 199-എ അനുസരിച്ച് വാഹനയുടമയ്ക്കോ രക്ഷാകര്‍ത്താവിനോ മൂന്നുവര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ലൈസന്‍സില്ലാത്തയാള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.
വാഹനം വിറ്റാല്‍ ഉടന്‍ പേര് മാറ്റണം
വാഹനം കൈമാറിയാല്‍ ആര്.സി ബുക്കിലെ രേഖകള്‍ ഉടന്‍ തന്നെ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണം. അടൂരില്‍ ബുധനാഴ്ച നടന്ന സംഭവം ഇതിനൊരു വലിയ മുന്നറിയിപ്പാണ്. ബൈക്ക് വിറ്റെങ്കിലും രേഖകള്‍ പഴയ ഉടമയുടെ പേരില്‍ത്തന്നെ തുടരുകയായിരുന്നു. തുടര്‍ന്ന് വാങ്ങിയയാളുടെ 16 വയസുള്ള മകന് ഈ ബൈക്കോടിച്ച് പൊലീസ് പിടിയിലായപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത് പഴയ ഉടമയുടെ പേരിലാണ്.
സൂത്രപ്പണികളിലൂടെ താല്കാലികമായി രക്ഷപ്പെട്ടാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും, വലിയ സാമ്പത്തിക-നിയമ ബാധ്യതകള്‍ വരുത്തിവെക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു
