ടെൽ അവീവ് : ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്. ഹമാസുമായി ബന്ദി മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഇസ്രയേൽ സംഘം ഉടൻ ഖത്തറിലെത്തുക. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേൽ ഉന്നതതല സംഘത്തിന്റെ ഖത്തർ സന്ദർശനം. അതിനിടെ വെടിനിർത്തൽ കരാറിലെത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മേൽ സമ്മർദം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപുമായി നടക്കാനിരിക്കുന്ന ചർച്ച വെടിനിർത്തൽ കരാറിലേക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനും സഹായകരമാകുമെന്നും നെതന്യാഹു പറഞ്ഞു. വാഷിങ്ടൻ സന്ദർശനത്തിനു മുന്നോടിയായാണ് നെതന്യാഹു ചർച്ചകളിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം വെടിനിർത്തൽ കരാറിൽ എത്തുന്നതിനു വ്യക്തമായ നിർദ്ദേശങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ട്രംപ് ജനുവരിയിൽ അധികാരത്തിൽ എത്തിയതിനുശേഷം നെതന്യാഹു നടത്തുന്ന മൂന്നാമത്തെ യുഎസ് സന്ദർശനമാണിത്.
അതിനിടെ ഹമാസുമായുള്ള വെടിനിർത്തൽ ഉറപ്പാക്കാൻ നെതന്യാഹുവിനു മേൽ സമ്മർദം ഉയരുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് നിർദേശിച്ച വെടിനിർത്തല്‍ നിർദ്ദേശത്തോട് രമ്യമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ ഇസ്രയേല്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്.