കൊല്ലം: അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എൽസ 3 കപ്പലില്‍ നിന്ന് വേര്‍പ്പെട്ട കണ്ടെയ്നര്‍ തീരത്തടിഞ്ഞു. കൊല്ലം ജില്ലയിലാണ് കണ്ടെയ്നര്‍ ഒഴുകിയെത്തിയത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ്. തീരത്ത് അടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറാണെന്നാന്ന് പ്രാഥമിക നിഗമനം. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി
പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3യില്‍ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്നറുകളാണ്. ഇതില്‍ 73 എണ്ണം കാലിയായിരുന്നുവെന്നും 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍ ഉണ്ടായിരുന്നതായുമാണ് വിവരം. ചീഫ് കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, തിരുവനന്തപുരം സോണ്‍ പുറത്ത് വിട്ട പബ്ലിക് അഡൈ്വസറിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റിലീന്‍ വാതകം പുറപ്പെടുവിക്കുമെന്നും അഡൈ്വസറിയില്‍ പറയുന്നുണ്ട്.ചരക്കുകപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും ഉടന്‍തന്നെ 112 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.കപ്പലില്‍ നിന്ന് ഉള്‍ക്കടലിലേക്ക് ആറ് മുതല്‍ എട്ട് കണ്ടെയ്നറുകള്‍ വരെ വീണതായാണ് വിവരം. കണ്ടെയ്നര്‍ കണ്ടാല്‍ കുറഞ്ഞത് 200 മീറ്റര്‍ എങ്കിലും മാറി നില്ക്കാന് ശ്രദ്ധിക്കണം. കൂട്ടം കൂടി നില്‍ക്കരുത്. അധികൃതര്‍ വസ്തുക്കള്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്.
ദൂരെ മാറി നില്ക്കാന് ശ്രദ്ധിക്കണം. പൊതുജനങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.മലിനീകരണ നിയന്ത്രണ ബോര്‍ഡും പൊലീസും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ നടപടി സ്വീകരിക്കും. ഇത് എന്ത് തരത്തിലാണ് മനുഷ്യന് അപകടകരമാവുമെന്ന് ഇപ്പോള്‍ അറിയില്ല. തീരം നിരീക്ഷിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലായിടത്തും സംവിധാനങ്ങള്‍ എത്താന്‍ സാദ്ധ്യതയില്ലാത്തതിനാലാണ് പൊതുസമൂഹത്തോടും പറയുന്നതെന്ന് ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി