തിരുവനന്തപുരം: പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പിതാവ് സജീവും മാതാവ് രാധാമണിയും ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ചു. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രക്ഷിതാക്കൾ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
മന്ത്രിമാരായ വീണാജോർജിനെയും ഡോ. ആർ. ബിന്ദുവിനെയും കുടുംബം സന്ദർശിച്ചു.
അനുഭാവ പൂർണമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുട്ടിയുടെ പിതാവ് സജീവൻ പറഞ്ഞു.
അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ ആരോഗ്യ സർവകലാശാലയുടെ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.
ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജിലെ നാലാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ അമ്മു എ. സജീവ്.