തിരുവനന്തപുരം: കാസർകോഡ് നീലേശ്വരം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഉണ്ടായ അപകടത്തിൽ 200 ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു. മിക്കവർക്കും നിസാര പരിക്കാണ്. ഇതിൽ പലരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു.
എന്നാൽ 21 പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ ചിലർ അപകടനില തരണം ചെയ്തുകഴിഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ ചിലവാണ് സർക്കാർ വഹിക്കുക. ഗുരുതരമായി പൊളളലേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നീലേശ്വരം താലൂക്ക് ആശുപത്രിയിലും മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ മെഡിക്കൽ കോളേജിലേക്കും പരിക്കേറ്റവരെ മാറ്റിയിരുന്നു.
കളിയാട്ട മഹോത്സവത്തിന്റെ പ്രധാനദിനം കരിമരുന്ന് പ്രയോഗത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചായിരുന്നു ദുരന്തം ഉണ്ടായത്. ആദ്യ ദിനം തെയ്യങ്ങളുടെ തോറ്റംവരവിന് പൊട്ടിച്ച പടക്കങ്ങളിലെ തീപ്പൊരി പിറ്റേ ദിവസത്തേക്ക് കരുതിയിരുന്ന പടക്കശേഖരത്തിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ചെറിയ പടക്കങ്ങളായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തിൽ ക്ഷേത്രഭാരവാഹികളുടെ വീഴ്ച അന്വേഷിക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പടക്കങ്ങൾ സൂക്ഷിച്ച ഷെഡ്ഡിന് മേൽക്കൂര ഇല്ലാതിരുന്നതിനാൽ തീപ്പൊരി പടക്കങ്ങൾ കൂട്ടിയിട്ടതിന് ഇടയിലേക്ക് വീഴുകയായിരുന്നു.