എറണാകുളം: കൊച്ചി, കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാത്യൂസിനെയും ശർമിളയെയും ഇന്ന് ആലപ്പുഴയിലെത്തിക്കും. കർണാടക മണിപ്പാലിൽ നിന്നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകം പുറത്തറിഞ്ഞ് മൂന്നാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്.
മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ മാത്യൂസിനെയും ശർമിളയെയും അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രതികൾ എവിടെയുണ്ടാകാം എന്നതിനെ കുറിച്ച് പൊലീസ് പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ കുറച്ചുനാളുകളായി പ്രതികൾ സ്ഥലത്തില്ലെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ശർമിള പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിന്റെ വിവരങ്ങൾ പരിശോധിച്ചാണ് ശർമിള ഉഡുപ്പിയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
പ്രതികളെ സ്ഥലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സുഭദ്രയുടെ ശരീരത്തിൽ ക്രൂര മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ ചുരുളഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.