ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. പരിശോധന ഇപ്പോൾ ആവശ്യമില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടാണ് ജല കമ്മീഷന്റെ നടപടി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി ഇന്നലെ ചേർന്ന പതിനെട്ടാമത് യോഗത്തിലാണ് കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.
12 മാസത്തിനുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 2011ലാണ് കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി അവസാനമായി അണക്കെട്ടിൽ വിശദമായ പരിശോധന നടത്തിയത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിലെ ആദ്യചുവടുവയ്പാണ് ഇപ്പോൾ അംഗീകരിച്ച സുരക്ഷാ പരിശോധന.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന ഘട്ടത്തിൽ കേരളം വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യപ്പെടാറുണ്ടെങ്കിലും 2026ൽ പരിശോധന മതിയെന്ന തമിഴ്നാടിന്റെ ആവശ്യപ്രകാരം അനുകൂല തീരുമാനം ഉണ്ടാകാറില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും സുരക്ഷാ പരിശോധന ആവശ്യമില്ലെന്ന നിലപാടിലായിരുന്നു.
എന്നാൽ തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ട് 13 വർഷത്തിനുശേഷമാണ് കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകന്പ പ്രതിരോധശേഷി, പ്രളയസുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും.