അബുദാബി: വയനാട് മഹാദുരന്തത്തിൽ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളർത്തുവാനും സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കൽ ഗ്രൂപ്പ്. മാതാപിതാക്കളെ നഷ്ടപ്പട്ട കുട്ടികളെ ഏറ്റെടുത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി വളർത്തുവാനും, അവർക്കു വേണ്ട വിദ്യാഭ്യാസം അവർ ആഗ്രഹിക്കുന്ന തലം വരെ നൽകുവാനും അഹല്യ മെഡിക്കൽ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.
അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ പാലക്കാട് ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന അഹല്യ ചിൽഡ്രൻസ് വില്ലേജിലേക്കാണ് കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള നിയമപരമായ അനുവാദത്തിനായി കേരള സർക്കാരുമായും, വയനാട് ജില്ലാ ഭരണകൂടവുമായും അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അഹല്യ ചിൽഡ്രൻസ് വില്ലേജുമായി ബന്ധപ്പെടേണ്ട നമ്പർ: 9544000122