വയനാടിനെ മരവിപ്പിച്ച, കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ ഇതുവരെ 135 പേര് മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 180-ലധികം പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. ഇന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിളേയും കുടുംബത്തേയും രക്ഷിക്കാനായോ എന്നതും വ്യക്തമല്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ രാത്രി താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേര്‍ന്നാണ് ചൂരല്‍മലയില്‍ ഇന്നലെ രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. താത്കാലിക പാലം യാഥാര്‍ഥ്യമായതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.