തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ചു. ഓഗസ്റ്റ് ഒന്നിനു പുതിയ നിരക്കുകൾ നിലവിൽ വരും. കഴിഞ്ഞ വർഷം ഏപ്രിൽ 10നാണു കെട്ടിടനിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുത്തനെ ഉയർത്തിയത്. വിവിധ മേഖലകളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നെങ്കിലും വർധിപ്പിച്ച ഫീസ് കുറയ്ക്കാൻ സർക്കാർ തയാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ, പെർമിറ്റ് ഫീസ് വർധിപ്പിച്ചതു പുനഃപരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു കൂട്ടിയ നിരക്കുകൾ 60 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാന്പത്തികവർഷത്തിന്റെ ആദ്യമാസമായ ഏപ്രിൽ 30 നകം ഒടുക്കുകയാണെങ്കിൽ അഞ്ചു ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.