കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. കമ്പനി ഡയറക്ടർമാരായ കാരപ്പറമ്പ് ആസിം കോട്ടേജിലെ വലിയതൊടുവിൽ ജമാലുദ്ദീൻ (37), കക്കോടി സ്വദേശി റെയ്മൻ ജോസഫ് (45) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അൻവർ എന്നയാൾക്കെതിരെയും കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.കോഴിക്കോട് പറയഞ്ചേരി കോക്സ് ടാക്സ് ട്രേഡിങ് കമ്പനിയുടെ മറവിൽ നിരവധിയാളിൽനിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തിന് മാസം 3000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് 15 മാസത്തേക്ക് നിക്ഷേപം സ്വീകരിച്ചുവെന്നാണ് പരാതി. കാലാവധി പൂർത്തിയായാൽ നിക്ഷേപത്തിന്റെ 10 ശതമാനം കൂടി പലിശ കിട്ടുമെന്നും വാഗ്ദാനമുണ്ടായി. ഏജന്റുമാർ വഴിയും നേരിട്ടും വൻതുക ശേഖരിച്ചെന്നാണ് കേസ്. ഉടൻ പലിശസഹിതം തിരിച്ചുനൽകുമെന്ന് പറഞ്ഞെങ്കിലും ആറുമാസം കഴിഞ്ഞിട്ടും പണം നൽകാതായതോടെ ചില നിക്ഷേപകർ പരാതിയുമായി എത്തുകയായിരുന്നു.