കൊല്ലം: കളക്ടറേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസിൽ വൻ തീപിടിത്തം. കംപ്യൂട്ടറും രേഖകളും കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഇന്നലെ രാവിലെ എട്ടോടെ എത്തിയ പോസ്റ്റ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എം. കപില്ദാസാണ് ഓഫീസ് മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.
ഓഫീസ് തുറന്നപ്പോള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തുന്നതിന്റെ രൂക്ഷമായ ഗന്ധം മൂലം ഭയന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. തുടർന്നെത്തിയ പോസ്റ്റല്‍ അസിസ്റ്റന്റ് ഷീബ ഓഫീസിലെ ജനാലകൾ തുറന്നിട്ടു. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സമീപത്തുള്ള രജിസ്ട്രേഷന് ഓഫീസില്‍ നിന്ന് ജീവനക്കാരെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ചാമക്കടയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയപ്പോഴേക്കും തീ പൂര്‍ണമായി ശമിച്ചിരുന്നു.
കൊല്ലം വെസ്റ്റ് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നാല് കംപ്യൂട്ടറുകളും പ്രിന്ററും പൂര്‍ണമായും ഫര്‍ണിച്ചറുകള്‍ ഭാഗികമായും നശിച്ചു. കൂടാതെ രജിസ്റ്ററുകളും ചിട്ടികളുടെ പാസ് ബുക്കുകളും മറ്റും മറ്റ് ചില പ്രധാന ഫയലുകളും നശിച്ചിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച ഫയലുകൾ കത്തിയില്ല. സമീപത്തേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.