പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അക്കാദമിക്സ് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത പ്രവേശന നടപടികൾ സ്വീകരിക്കും.