അഹമ്മദാബാദ്: ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ഗുജറാത്തിൽ ജാംനഗറിൽ പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെത്തി സാംപിൾ ശേഖരിച്ച ജാംനഗർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
പുഷ്കർ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിൻ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്സായ ക്രഞ്ചെക്സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് യുവതി അധികൃതരെ അറിയിച്ചു. ഇതനുസരിച്ച് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി.