കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു. മരണപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ ഉണ്ടെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ദുരുന്തം സംഭവിക്കുന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിയാൻ വൈകിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു.
ഭീതിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു അപകടം നടന്ന കെട്ടിടത്തിൽ കാണാൻ സാധിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ചവർ ഗോവണികളിലും വരാന്തയിലും മുറികളിലുമായി മരിച്ചു കിടക്കുന്ന കാഴ്ച അതിദയനീയമായിരുന്നു. നിലവിൽ ഇന്ത്യക്കാർ അടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.
മിക്കവാറും ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു. വിഷപ്പുക കാരണമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ ക്യാമ്പിൽ ഉണ്ടായിരുന്ന 49 പേരെ കുറിച്ച് നിലവിൽ വിരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഇതിൽ 42 പേർ ഇന്ത്യക്കാരും ഏഴ് പേർ ഫിലിപ്പിനോ സ്വദേശികളാണ്. 42 പേരിൽ ഭൂരിപക്ഷവും മലയാളികളാണ്. ഇതിൽ എത്ര പേർ മരിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
ഹൈവേ സുപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 18 പേരും, എൻ.ബി.ടി.സിയിൽ ജോലി ചെയ്യുന്ന 24 പേരുമാണ് കാണാതായവരുടെ പട്ടികയിൽ ഉള്ളത്. അതേസമയം മരണപ്പെട്ടവരുടെ മുഴുവൻ ബോഡികളും ദജീജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം ബോഡികൾ സബ്ഹാനിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ബോഡികൾ സബാ മോർച്ചറിയിലേക്ക് മാറ്റി എംബാം അടക്കമുള്ള കാര്യങ്ങൾ ചെയ്യുമെന്നാണ് സൂചന. വിദേശകാര്യ സഹമന്ത്രി തന്നെ നേരിട്ട് കുവൈത്തിൽ എത്തിയതോടെ ഇത്തരം കാര്യങ്ങൾക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷ.