ഭൂതകാലത്തിന്റെ ചരിത്രവും നമ്മുടെ നാട് കടന്നുപോയ വഴികളുമൊക്കെ യഥാവിധി അറിഞ്ഞിരുന്നെങ്കിൽ ഇന്ന് കാണുന്ന ഭ്രാന്തമായ രൗദ്രഭാവങ്ങൾ സമൂഹത്തിൽ ഉണ്ടാവുമായിരുന്നില്ല എന്ന് പുരാരേഖ, പുരാവസ്തു മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനപുരാരേഖ വകുപ്പ് തിരുവനന്തപുരം ആർക്കൈവ് ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂതകാലത്തെ വിസ്മരിച്ചുകൊണ്ട് ഒരു രാജ്യത്തിനും സമൂഹത്തിനും മുന്നോട്ട് പോകാനാവില്ല. നമ്മുടെ ചരിത്രത്തെയും ചരിത്രത്തിലെ നായകന്മാരെയും ദർശനങ്ങളെയും ഒക്കെ വിസ്മരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ചരിത്ര രേഖകളുടെ സംരക്ഷണവും സൂക്ഷിപ്പും വളരെ പ്രധാനമാണ്. ഭൂതകാലത്തിന്റെ ഹൃദയധ്വനിയായ പുരാരേഖകൾ നമ്മുടെ സംസ്ഥാനത്തെ അമൂല്യനിധികളാണ്. പക്ഷേ പ്രബുദ്ധത കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ അധിപേർക്കും അത്യപൂർവ്വമായ താളിയോലകളും വിലമതിക്കാനാകാത്ത ചരിത്രരേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറക്ക് വേണ്ടി സൂക്ഷിക്കുന്ന ഈ സർക്കാർ സ്ഥാപനത്തെക്കുറിച്ച് അറിയില്ല. പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ നിർവഹിക്കുന്ന അമൂല്യ സാമൂഹിക ധർമ്മത്തെക്കുറിച്ചും അവർ ബോധവാന്മാരല്ല.
കേരളത്തിന്റെ സാമൂഹിക, സാസ്കാരിക, വൈജ്ഞാനിക നവോത്ഥാനത്തിന്റെ കേന്ദ്ര സ്ഥാപനമായി ഈ മൂന്ന് വകുപ്പുകളും മാറണമെന്നും അതിനാവശ്യമായ വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൂടുതൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കാലവർഷക്കെടുതിയിൽ നിന്നും വിലപ്പെട്ട ചരിത്രരേഖകളെ എങ്ങിനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ വകുപ്പ് ശിൽപശാല സംഘടിപ്പിച്ചത് ഉചിതമായെന്നും മന്ത്രി പറഞ്ഞു.