നമ്മുടെ സംസ്ഥാനം പിന്തുടരുന്നത് സുസ്ഥിര വികസന നയമാണെന്നും വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദ്വിമുഖ സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം വെള്ളാറിലെ കേരള ആർട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരമ്പരാഗത മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്കൊപ്പം ആധുനിക സങ്കേതങ്ങൾ കൂടി യോജിപ്പിച്ചു മുന്നേറാൻ നമുക്ക് കഴിയണം. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ഇത് അഭിമാനകരമായ കാര്യമാണ്. 21 നദികളുടെ മലിനീകരിക്കപ്പട്ട ഭാഗം പുനരുജ്ജീവിപ്പിക്കാൻ തയ്യാറാക്കിയ കർമ്മപദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണ്. ഇതിൽ 11 നദികളുടെ ജലഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞു.
അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയെല്ലാം പരിശോധിക്കാനുള്ള സ്റ്റേഷനുകൾ സ്ഥാപിച്ചു. ആന്റി മൈക്രോബിയൽ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ജലസ്രോതസ്സുകളുടെ ഗുണനിലവാരം പ്രതിമാസ പരിശോധനയിലൂടെ ഉറപ്പാക്കി. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രൂക്ഷമായി ദുരിതങ്ങൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ പരിസ്ഥിതിയുടെ നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവളികളെ നേരിടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പോലുള്ള സ്ഥാപനങ്ങൾക്ക് നൽകാനുള്ള സംഭാവന വലുതാണ്. ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം ഗണ്യമായി കുറച്ചുകൊണ്ട് 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം കൈവരിക്കാനാണ് നാം ശ്രമിക്കുന്നത്. ഇതിനുള്ള കർമ്മ പദ്ധതി തയ്യാറായി വരുകയാണ്. ക്രിയാത്മക ഇടപെടലുകളിലൂടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് എല്ലാ വർഷവും നൽകിവരുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡുകൾ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷും വിതരണം ചെയ്തു.