തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് രണ്ട് വരെ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര അവധി പ്രഖ്യാപിച്ചു.
സ്കൂളുകളിലെ അഡീഷണല്‍ ക്ലാസുകള്‍, സ്വകാര്യ ട്യൂഷന് സെന്‍ഡറുകള്‍, സമ്മര്‍ ക്യാമ്പുകള്‍ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് ബാധകമല്ല.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉഷ്ണതരംഗ സാധ്യത നിലനില്ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന് മന്ത്രി നിര്‍ദേശം നല്കി. ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധനകള്‍ ഊര്‍ജിതമാക്കും.
ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ ദൈനം ദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ 30 വരെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്.
അതാണ് മെയ് 15 വരെ നീട്ടിയത്. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമ വേളയായിരിക്കും.
സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.