ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്.
20 ലോക്സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 391 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാലയളവിൽ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു.
അവശ്യ സർവ്വീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റൽ വോട്ടിംഗ് സൌകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിൽ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും ക്യാമറകൾ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഒരുക്കും. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.