കൊച്ചി: എറണാകുളം ജില്ലയില്‍ അത്യപൂര്‍വമായ ലൈം രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും രോഗി ആശുപത്രി വിടുകയും ചെയ്തു.
പനിയും വലത് കാല്‍മുട്ടില്‍ നീര്‍വീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോള്‍ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോഗം സ്ഥിരീകരിച്ചു.
ലൈം രോഗം എന്താണ്
ലൈം രോഗം ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികള്‍ വഴി പകരുന്നു. ജില്ലയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ജില്‍സി ജോര്‍ജ് വ്യക്തമാക്കി.
നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാല്‍ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ അടക്കമുള്ള ചെലവ് കുറഞ്ഞ ചികിത്സാ മാര്‍ഗത്തിലൂടെ രോഗം ഭേദമാക്കാം.