റിയാദ് : സൗദിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടണ്ണിലധികം കോഴിയിറച്ചി പിടികൂടി. ഖസീം പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലെ ദേര ബലദിയ ബ്രാഞ്ച് ഒാഫീസാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഉപയോഗശ്യൂന്യമായ കോഴിയിറച്ചി പിടികൂടിയത്. രാജ്യനിവാസികൾക്ക് നൽകുന്ന സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധാലുവാണെന്ന് മേയർ എൻജി. മുഹമ്മദ് ബിൻ മുബാറക് അൽമജാലി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.