ക്ഷേമ, സർവീസ് പെൻഷനുകളെ മനുഷ്യത്വപരമായ കരുതലായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും അതിനെ ബാധ്യതയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുതിർന്ന പൗരൻമാരുടെയും സർവീസ് പെൻഷൻകാരുടെയും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉപാധിയാണ് പെൻഷൻ. ഇത്തരത്തിൽ പെൻഷൻ നൽകുന്നത് ഉദ്പാദനപരമല്ലെന്ന് ആക്ഷേപിച്ചവർ പെൻഷനായി ശബ്ദമുയർത്തുന്ന സ്ഥിതി കാണാനാവും. ഇത് വിരോധാഭാസമാണെങ്കിലും സ്വാഗതാർഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016നു ശേഷം 57,500 കോടി രൂപ ക്ഷേമപെൻഷൻ ഇനത്തിൽ നൽകി. 2021ന് ശേഷം 23000 കോടി രൂപയാണ് ഈ സർക്കാർ നൽകിയത്. ഖജനാവ് നിറഞ്ഞു കവിഞ്ഞ അവസ്ഥയിലല്ല സർക്കാർ ഇതു ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. പെൻഷൻ നൽകുന്നത് മാത്രമല്ല, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടതും സർക്കാരിന്റെ കടമയായാണ് കാണുന്നത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി 42 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇൻഷുറൻസ് ലഭ്യമാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഇതിലൂടെ നൽകിയത്. ഇതിന്റെ പത്തു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്.
മുതിർന്ന പൗരൻമാരോട് ക്രൂരത കാണിക്കുന്നവരോട് ഒരു തരത്തിലുമുള്ള ദാക്ഷിണ്യവും വേണ്ടെന്നാണ് സർക്കാർ നിലപാട്. വയോജനങ്ങളോടുള്ള ക്രൂരത വെളിപ്പെടുത്തുന്ന ചില സംഭവങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നു. ഇതിൽ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അവരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ നമ്മുടേതു പോലെയുള്ള ഒരു പുരോഗമന സമൂഹത്തിന് ചേരുന്നതല്ല.
പ്രായമായവർ തനിച്ചായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനും വേണ്ട ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. സർവീസിൽ നിന്നു വിരമിച്ചവർ തങ്ങളുടെ അറിവും അനുഭവങ്ങളും ആർജിച്ച ശേഷിയും പ്രയോജനപ്പെടുത്തി കടമകൾ നിർവഹിക്കാനായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ചെറുപ്പക്കാർക്കൊപ്പം വയോജനങ്ങളും നാടിനൊപ്പം ഉറച്ചു നിന്നവരാണ്. നൂറ്റാണ്ടിന്റെ മഹാപ്രളയം നേരിട്ട കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 17.5 കോടി രൂപയാണ് പെൻഷൻകാർ സംഭാവന ചെയ്തത്. കോവിഡ് കാലത്തും വലിയ സഹായം വയോജനങ്ങളുടെയും പെൻഷണർമാരുടെയും ഭാഗത്തു നിന്നുണ്ടായി. വയോജനങ്ങളുടെ ക്ഷേമത്തിനുതകുന്ന ഇടപെടലുകൾ നവകേരള നിർമിതിയിൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന മുഖാമുഖത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, എം. എൽ. എമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന പൗരൻമാർ, പെൻഷണർമാർ എന്നിവർ പങ്കെടുത്തു.