ഭോപ്പാൽ: സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം ‘ബാഗ് ലെസ് ഡേ’ ആക്കാൻ മധ്യപ്രദേശ് സർക്കാർ. ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനാണ് പുതിയ തീരുമാനം.
കളികൾ, സംഗീതം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തണമെന്നാണ് നിർദേശം. ഇതിലൂടെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സർക്കാർ നടപടി.ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കും. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗിന്റെ ഭാരവും ക്രമീകരിച്ചിട്ടുണ്ട്. 1, 2 ക്ലാസുകളിലെ കുട്ടികൾക്കുള്ള സ്കൂൾ ബാഗിൻ്റെ പരമാവധി ഭാരം 1.6-2.2 കിലോയാണ്.
മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 1.7-2.5 കിലോഗ്രാം, ആറ്, ഏഴ് ക്ലാസുകളിൽ 2-3 കിലോഗ്രാം, എട്ട് ക്ലാസുകളിൽ 2.5-4 കിലോഗ്രാം, ഒമ്പത്, പത്ത് ക്ലാസുകളിൽ 2.5-4.5 എന്നിങ്ങനെയാണ് ബാഗുകളുടെ ഭാരം നിശ്ചയിച്ചിരിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ബാഗ് നയം നടപ്പാക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാഗിന്റെ ഭാരം മൂലമുള്ള സമ്മര്‍ദം ഒഴിവാക്കാനായി കുട്ടികളുടെ ക്ലാസിനനുസരിച്ച് അവരുടെ ബാഗിന്റെ ഭാരം ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.