കൊട്ടാരക്കര∙ അമിത ഭാരം കയറ്റിയ 2 ലോറികൾ പിടികൂടിയ ശേഷം കൈക്കൂലി വാങ്ങി വിട്ടയച്ചെന്ന അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ. കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർ ടി ഓഫിസ് സ്ക്വാഡിലെ എഎംവിഐ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് സസ്പെൻഡ് ചെയ്തത്.
കമ്മിഷണറുടെ നിർദേശപ്രകാരം സ്ക്വാഡ് ആർടിഒ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിലാണ് നടപടി. കഴിഞ്ഞ 5ന് രാവിലെ 10.30ന് കൊട്ടാരക്കര- ഓടനാവട്ടം റോഡിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ രണ്ട് ലോറികൾ പാറപ്പൊടിയുമായി സ്ക്വാഡ് പിടികൂടി. പിഴ ഈടാക്കാനായി ഓൺലൈനിൽ നമ്പർ ഇട്ടെങ്കിലും പിറ്റേന്ന് രാവിലെ വരെ പണം വാങ്ങിയില്ല. പരിശോധിച്ചപ്പോൾ ചലാൻ റദ്ദാക്കിയെന്നാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ അന്വേഷണത്തിന് ആർടിഒയെ ചുമതലപ്പെടുത്തുകയായിരുന്നു.