ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ പത്തെണ്ണമാണ് ജയ്പുരിൽ ഇറക്കിയത്. നൂറോളം വിമാനങ്ങൾ വൈകി. ചില സർവിസുകൾ റദ്ദാക്കുകയും ചെയ്തു. പല വിമാനങ്ങളുടെയും സമയം പുനഃക്രമീകരിച്ചു. ഡൽഹിയിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മൂടൽമഞ്ഞുമൂലം കാഴ്ചപരിധി പൂജ്യം മീറ്ററിലേക്ക് താഴ്ന്നിരിക്കുകയാണ്. വിമാനയാത്രക്കാർ എയർലൈൻ കമ്പനികളെ ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. അടുത്തിടെ കുറഞ്ഞ കാഴ്ച പരിധിയിൽ പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച പൈലറ്റുമാരെ വിന്യസിക്കാത്തതിന് എയർ ഇന്ത്യക്കും സ്പൈസ് ജെറ്റിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.