ബെയ്റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. ദക്ഷിണ ബെയ്റൂട്ടിലെ മശ്റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്.
അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസാം ബ്രിഗേഡിലെ രണ്ടു കമാൻഡര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ ആണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഹിസ്ബുള്ള ആരോപിച്ചു.
ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ലെബനൻ പ്രധാനമന്ത്രിയും ആരോപിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.