യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശിയിട്ടും പിൻമാറാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ്ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷത്തില്‍ രാഹുലിനും തലയ്ക്ക് പരിക്കേറ്റു.
പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. നിലവില്‍ രാഹുലിനൊപ്പം വനിതാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. വനിതാ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
സംഘര്‍ഷത്തില്‍ പൊലീസിനും പരിക്കുണ്ട്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകര്‍ത്തു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിനെതിരെ പ്രവര്‍ത്തകര്‍ സംഘടിച്ച് സമരം ശക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് ആദ്യഘട്ടത്തില്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു. കടകളില്‍ കയറിയും പ്രവത്തകരെ പൊലീസ് തല്ലി.