പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 39 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു. പത്തനംതിട്ട – പമ്പ റോഡിൽ ചാലക്കയത്തിന് സമീപം ഇന്ന് പുലര്‍ച്ചെ 1:45 ഓടെ ആയിരുന്നു അപകടം.
അപകടത്തിൽ സാരമായി പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേര് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ നിലയ്ക്കൽ, പമ്പ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്തത്.